ആർത്തിരമ്പുന്ന തിരമാലകളെ നോക്കി നിൽക്കേ ആണു അന്നാ മഴ പെയ്തത് ..ഇടിയോടു കൂടിയ പെരുമഴ ...അന്ന് നീ പോകാൻ ഇടയായ മഴക്കാലം ഓർത്തുപോയി ...
ജിൽസൺ :
ഒരേ ക്ലാസ്സിൽ പഠിച്ചതോ ,ഒരേ സ്കൂളിൽ ഉണ്ടായിരുന്ന ഒരാളോ ആയിരുന്നില്ല നീ .ട്യൂഷൻക്ലാസ്സിൽ വെച്ചു കണ്ട് പരിചയിച്ച അടുപ്പം മാത്രം .അതും മിണ്ടിയിട്ടുള്ളത് വളരെ ചുരുക്കം ....എന്നിട്ടും നിന്നെ ഇപ്പോളും ഓർക്കാൻ കാരണം എന്താ ??..എല്ലാ അടുപ്പങ്ങളും പ്രണയം എന്ന വാക്കിൽ ഒതുക്കാൻ പറ്റിയവ അല്ലല്ലോ ..
ചിലപ്പോൾ ,നമ്മളെ പോലെ ചിന്തിക്കുന്ന ഒരാളെ കാണുമ്പോൾ തോന്നുന്ന ആശ്വാസം ,ഒരുമിച്ച് പഠിക്കാഞ്ഞിട്ടും കാണുമ്പോൾ ചിരിക്കുന്ന ഒരാളോട് തോന്നുന്ന സൗഹൃദം ,ഇതിലെല്ലാം ഉപരി 16 വർഷങ്ങൾക് ശേഷം എൻ്റെ നാട്ടിൽ കൂടെ റോഡിൻ്റെ അപ്പുറം ഇപ്പുറം നിന്ന് ഉറക്കെ സംസാരിക്കാൻ ഒരാളെ കിട്ടിയതിന്റെ സന്തോഷം ....ഇതൊന്നും അല്ലെങ്കിൽ ,കൂടുതൽ അറിയാൻ ആഗ്രഹിച്ചപ്പോളേക്കും വീണ്ടും ഒന്ന് കാണാൻ പോലും മുഖം തരാതെ നിത്യതയിലേക്ക് പോയ ഒരാളോട് തോന്നുന്ന പരിഭവം ......
അന്ന് , പത്താം ക്ലാസ്സിലെ മാത്‍സ് ട്യൂഷൻ പഠിപ്പിച്ച സർ ,തന്നെ സ്വയം പൊക്കി പാടുമ്പോൾ ഞാൻ എല്ലാവരുടേം മുഖത്തേക്ക് നോക്കി ...ഒരു കപട ചിരി ചുണ്ടുകളാൽ നിർമ്മിച്ച് സാറിൻ്റെ ഗുഡ് ബുക്കിൽ കയറാൻ കിണഞ്ഞു ശ്രെമിക്കുന്ന കുറേ മുഖങ്ങൾ ആയിരുന്നു ഞാൻ കണ്ടത് ..അവയിൽ വ്യത്യസ്തം ആയിരുന്നത് നിൻ്റെ മുഖത്തെ ഭാവം മാത്രം ആയിരുന്നു ...എനിക്ക് അപ്പോൾ എൻ്റെ മനസ്സിൽ കൂടി പോയ കാര്യം നിൻ്റെ മുഖത്തു നിന്നും വായിച് എടുക്കാമായിരുന്നു .. "ഇയാൾ ഈ തള്ള് എപ്പോളാ ഒന്ന് നിർത്തുക ?"😂
പിന്നീട് എൻ്റെ വീടിനു അടുത്തുള്ള സ്കൂളിലേക്ക് നീ മാറിയപ്പോൾ നാട്ടിൽ ആൺസുഹൃത്തുക്കൾ ഇല്ലാതെ ഇരുന്ന എനിക്ക്, പെട്ടെന്ന് ഒരു ദിവസം സ്കൂൾ വിട്ടു ബസ് ഇറങ്ങുമ്പോൾ ഒരു ചിരിയോടെ സൗഹൃദം പങ്കിടാൻ നിന്നിരുന്ന മുഖം ആണു നീ ....റോഡിൻറെ ഇരുവശത്തൂടെ പോകുമ്പോൾ അടുത്തുള്ള എല്ലാ വീട്ടുകാരും കേൾക്കെ ഉച്ചത്തിൽ സംസാരിച്ചു പോകാൻ കിട്ടിയ കൂട്ടുകാരൻ ആയിരുന്നു നീ 😊 ...
അവസാനം "പിന്നെ എന്നെങ്കിലും കാണാം "എന്ന് പറഞ്ഞു നീ പിരിഞ്ഞപ്പോൾ ആ വാക്ക് പാലിക്കാൻ നീ ഉണ്ടാവില്ല എന്ന് മാത്രം ഞാൻ ചിന്തിച്ചില്ല ജിൽസാ ..പക്ഷെ ,ഞാൻ നിന്നെ കണ്ടു ...പള്ളിമുറ്റത്ത് വെള്ളവസ്ത്രത്തിൽ ,അത്രയും കാലത്തിനിടെ ഏറ്റവും സുന്ദരനായി കിടക്കുന്ന നിന്നെ ..നിൻ്റെ അന്ത്യ യാത്രക്കായി പള്ളിയിൽ ഒരുക്കങ്ങൾ നടക്കുമ്പോൾ ....
സത്യത്തിൽ പിന്നീടാണ് നിന്നെ പറ്റി കൂടുതൽ അറിഞ്ഞത് ..പഠിക്കാൻ മിടുക്കൻ ആയിരുന്നിട്ടും അമ്മയെ പിരിയാൻ വയ്യാത്തതുകൊണ്ട് ഇഷ്ടമുള്ള സ്ട്രീം എടുക്കാതെ കോമേഴ്‌സ് എടുത്ത് അടുത്തുള്ള കോളേജിൽ ചേരാൻ സ്വപ്നം കണ്ട നിന്നെ ...
നാട്ടിൽ ആർക്കും ഒരു മോശം വാക്ക് പോലും പറയാൻ ഇല്ലാതിരുന്ന നിന്നെ ...
നമ്മുടെ പ്രായത്തിലെ ഏതൊരു കുട്ടിയോട് ചോദിച്ചാലും വെറും പരിചയക്കാരൻ എന്നല്ലാതെ "അവൻ എന്റെ ഫ്രണ്ട് ആയിരുന്നു "എന്ന് പറയിപ്പിച്ച നിന്നെ ..
ആ രാത്രി നിൻ്റെ ചേട്ടനും ഫ്രണ്ട്സും സിനിമക്ക് വിളിച്ചപ്പോൾ അമ്മയെ വിട്ട് വരുന്നില്ല എന്ന് പറഞ്ഞ നിന്നെ ...
പക്ഷേ വിധി കാത്തു വെച്ചിരുന്നത് ആ അമ്മയെ പിരിഞ്ഞു 2 മക്കളെയും ദൈവസന്നിധിയിൽ എത്തിക്കാൻ ആയിരുന്നു ...അതുകൊണ്ട് അല്ലെ നിൻ്റെ ചേട്ടൻ നിൻ്റെ എതിർപ്പ് വക വെയ്ക്കാതെ "നിന്നേം കൊണ്ടേ ഞാൻ പോകൂ " എന്ന് പറഞ്ഞു കൊണ്ടുപോയത് ...ആ വാക്കുകൾ അറം പറ്റിയതുപോലെയായ് .... ഒരുപക്ഷെ , ആ ചേട്ടൻ നിന്നെ അത്രമേൽ സ്നേഹിച്ചിരിക്കാം ....നിൻ്റെ ചേട്ടനൊപ്പം നീയും പോയ് - സിനിമക്കും പിന്നീട് സ്വർഗ്ഗത്തിലേക്കും . അന്നാ മഴ പെയ്തില്ലായിരുന്നുവെങ്കിൽ ...അന്നാ റോഡ് തെന്നിക്കിടക്കുവല്ലായിരുന്നെങ്കിൽ ഒരുപക്ഷെ, നമ്മൾ വീണ്ടും കണ്ടുമുട്ടിയേനേം ....
പക്ഷേ ജിൽസാ ,
നീ അറിഞ്ഞിരുന്നോ ?നീ പോയിക്കഴിഞ്ഞു നിൻ്റെ അമ്മയും അച്ഛനും കടന്നുപോയ പാതകൾ ...അച്ഛൻ വീണ്ടും ജോലിക്ക് കേറിയും ,മദ്യത്തിലും സമാധാനം കണ്ട എത്തിയെങ്കിലും നിൻ്റെ അമ്മയെ ആ നാട്ടുകാർ മഗ്ദലന മറിയത്തെപ്പോലെ കല്ല് എറിയുകയായിരുന്നു .....
നിൻ്റെ പ്രായമുള്ള ഒരു പയ്യനിൽ അവർ നിന്നെ കണ്ടെത്തിയതിനു ..അവൻ്റെ കൂടെ ബൈക്കിൽ പോയതിനു ..അവനെ ഒരു മകനെ പോലെ സ്നേഹിച്ചതിനു ..ആ അമ്മയ്ക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട് പോലും ആ ദുഷ്ടപിശാചുക്കളുടെ നാവു അടങ്ങിയില്ല ...
ആൺമക്കൾ പൊതുവേ പിശുക്കി സ്നേഹം കാണിക്കുമ്പോളും ,നീയും നിൻ്റെ ചേട്ടനും അത് വാരിക്കോരി കൊടുത്തു ആ അമ്മക്ക് ...ഒരേ ദിവസം 2 പൊന്നുമക്കളെ നഷ്ടപെട്ട അവരുടെ മനസ്സ് മനസ്സിലാക്കാൻ ആരും തന്നെ തയ്യാറായില്ല . മനസ്സിലാക്കിയവർ അത് അംഗീകരിക്കാൻ തയ്യാറായില്ല ....
നിങ്ങൾ പോയ ദിവസം ആ വീട്ടിൽ വന്ന മുഖങ്ങളിൽ നിങ്ങളുടെ മുഖം തിരഞ്ഞു ഇരുന്നതാണോ ആ 'അമ്മ ചെയ്ത തെറ്റ് ..അതോ അവർക്കു ഭ്രാന്ത് പിടിക്കാതെ ഇരുന്നതോ???
പക്ഷേ ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു ..ആ അമ്മ ഇപ്പോൾ നിങ്ങളോടൊപ്പം ഉണ്ടല്ലോ ...ഒരുപക്ഷേ ആ അവസ്ഥ കണ്ട് നീ കൊണ്ടുപോയതാവും അല്ലേ ? ..നന്നായി ..ഇനിയും ഈ പിഴച്ച നാവുള്ള സമൂഹത്തിനു ഇടയിൽ അവർ ജീവിക്കണ്ടല്ലോ... പക്ഷെ, നിങ്ങൾ ബാക്കി വെച്ച ഒരു ജീവൻ ,നിങ്ങളുടെ അച്ഛൻ , മദ്യത്തിലൂടെ നിങ്ങളുടെ അടുത്തേക്ക് എത്തുവാൻ ഉള്ള എളുപ്പമാർഗത്തിൽ തന്നെ അഭയം പ്രാപിച്ചിരിക്കുന്നു ....
"പിന്നെ എന്നെങ്കിലും കാണാം "എന്ന നിൻ്റെ വാക്കുകൾ ഈ തിരമാലകൾ പോലെ വീണ്ടും വീണ്ടും അലയടിക്കുന്നു ജിൽസാ ........
heart touching😢
ReplyDelete🥰
Delete😥
ReplyDeletetoo deep story
ReplyDeleteWell written��
ReplyDelete