നീറുമെൻ ആത്മാവിൻ നോവുള്ള പാതയിൽ
ഒരു പാതിമലരായ് നീ വിരിഞ്ഞുനിന്നു .
എപ്പൊഴൊ വന്നൊരു മാരുതസ്പർശത്തിൽ ,
നിൻ പരിമളം ഞാനറിഞ്ഞു .
കണ്ണീരു തോരാത്തോരെൻ വദനത്തിൽ ,
ഞാനറിയാതെ നീ പുഞ്ചിരിയായ് .
പിന്നീടെപ്പോഴോ നീയെന്ന പൊന്മലർ ,
എൻ ജീവശ്വാസം ആയിമാറി .
പകലുകൾ നിന്നെ കാണുവാനും ,
ഇരവുകൾ നിന്നെ ഓർക്കുവാനും ,
എൻ ജീവൻ നിനക്ക് മാത്രമായും ,
ഇന്ന് ഞാനിതാ സമർപ്പിച്ചിടാം .
എപ്പോഴെന്നറിയില്ല , യാദൃച്ഛികമായ്
നീയെൻ കണ്മുന്നിൽ നിന്നു മാഞ്ഞു.
നീ പരിമളം പടർത്തിയ പാതയിലെല്ലാം
നിന്നെത്തേടി ഞാനലഞ്ഞു .
കാലങ്ങൾ പലതും കടന്നുപോയ് ,
എന്നിലെ നൊമ്പരം മരവിപ്പായ് .
എന്നിട്ടും നിന്നെ കണ്ടീല ഞാൻ .
മലരുകൾ പൂക്കുക മാത്രമല്ല ,
അവയ്ക്കും മരണമുണ്ടെന്നത്
കാലം പതിയെ പഠിപ്പിച്ചു തന്നു .
മറന്നൊരെൻ ആത്മാവിൻ നീറ്റലിനെ
പിന്നെയും നെഞ്ചോടു ചേർത്തുവെച്ചു .
ഇനിയെത്ര കാലം കഴിഞ്ഞെന്നാലും
ജന്മങ്ങൾ ,യുഗങ്ങൾ ഞാൻ കാത്തിരിക്കാം .
ഒരു വാടാമലരായ് നീ വിരിയുവാൻ
യുഗയുഗാന്തങ്ങൾ ഞാൻ കാത്തിരിക്കാം .