Saturday, August 15, 2020

An escape to the virtual world!

 When I closed my eyes,

My dreaming soul took me 

to another world where the

hideous face of reality was nowhere..

It was an enchanted forest, lit 

full with chandeliers...

Each canopy trees with 

their exotic red blooms paved,

the narrow path as a flower bed..

Not too far away ,

rare colored flowers hanged 

as if they were about play a dance...

The boat sailing in the lake afront,

approached me as if it was 

ready to give out a surprise.

The starry night made the forest 

more and more pretty...

I never wanted to open my eyes.

I just wanted to fall in the 

lap of nature forever,rather than 

facing the fake faces in reality...



Wednesday, August 12, 2020

ജീവിക്കാത്ത ഒരാത്മാവിന്റെ ആത്മകഥ..



കുന്നിക്കൽ തറവാട്ടിൽ അന്ന് ആഘോഷമായിരുന്നു.എന്റെ കല്യാണമാണ്.

കുറച്ചീസം മുൻപ് ഒരു പയ്യനും കൂട്ടരും കാണാൻ വന്നിരുന്നു .ഒറ്റ മകനാ അത്രെ. വല്യ സ്വത്ത്കാരാ. ജന്മി കുടുംബമാ..അമ്മായ്‌ അമ്മയോട് പറയുന്നത് കേട്ടതാണുട്ടോ.പക്ഷേ പ്രായം ഇത്തിരി കൂടുതലാണെന്നും പറയുന്നുണ്ടായിരുന്നു. അന്ന് അമ്മാവന്മാർ ഓക്കേ വന്നിരുന്നു ചെക്കനെ കാണാൻ . 
എനിക്കെന്തോ വല്യ താൽപര്യം ഒന്നും തോന്നിയില്ല. പക്ഷേ നല്ല വെളുത്തിട്ട. എന്നെ പോലെ മങ്ങിയ നിറമല്ല.ചോര തൊട്ട് എടുക്കാം..അമ്മാതിരി നിറമാ.



ഞങ്ങളും സ്വത്തിൽ ഒട്ടും പുറകോട്ട് അല്ല കേട്ടോ. പക്ഷേ ഞങ്ങൾ ഏഴു മക്കൾ ഉണ്ട്.എനിക്കൊരു ചേച്ചി കുടെ ഉണ്ടായിരുന്നു .പാവം മരിച്ച് പോയി.എന്തോ സുഖേട് ആയിരുന്നു.ക്യാൻസർ എന്നൊക്കെ പറയുന്നെ കേൾക്കാം. എന്തോ ,എനിക്ക് അതേപ്പറ്റി ഒന്നും അറിയില്ല. ഒമ്പതാം ക്ലാസ്സിൽ വെച്ച് എന്റെ പഠനം നിർത്തിയത് പോലും എന്തിനാന്ന്‌ എനിക്ക് അറിഞ്ഞൂടാ.
ഞാൻ നന്നായി പഠിക്കുമായിരുന്നു.എന്നിട്ടും ഒരീസം എന്നോട് പറഞ്ഞു ഇനി പഠിക്കണ്ടന്ന്..


കല്യാണത്തിനു എല്ലാവരും എത്തിയിരിക്കുന്നു.എല്ലാവരും വല്യ സന്തോഷത്തിലാ. ഞാനും അതേ.പുതിയ പട്ട്‌സാരി ഉടുക്കാം,നിറയെ മുല്ലപ്പൂ ചൂടാം,ആഭരണങ്ങൾ ഇടാം, ഇഷ്ടം ഉള്ള എല്ലാരേം ഒന്നിച്ചു  കാണാം. പക്ഷേ കല്യാണം എന്തിനാ കഴിപ്പിച്ചു  വിടുന്നെ എന്ന് മാത്രം അറിയില്ല. പെൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ നിൽക്കാൻ പാടില്ല അത്രെ.അമ്മ പറഞ്ഞതാ.സാരമില്ല... ഇടക്കിടക്ക് ഇങ്ങോട്ടേക്കു വരാല്ലോ.
ബസിൽ കയറി യാത്ര ചെയ്യാല്ലോ.

ഇവിടുന്ന് ആരും എന്നെ എങ്ങോട്ടും കൊണ്ട് പോകാറില്ല.കൂടി വന്നാൽ അമ്പലം .അതിനു ബസിൽ കയറണ്ടല്ലോ,നടക്കാൻ ഉള്ള ദൂരം അല്ലേ ഉള്ളൂ.ഇനി ഇപ്പൊ ആ വിഷമം ഇല്ല.എനിക്ക് ബസിൽ കയറി ഇഷ്ടംപോലെ യാത്ര ചെയ്യാം.

അങ്ങനെ ആ ചടങ്ങ് കഴിഞ്ഞു.കല്യാണം.എന്റെ അമ്മയെ പിരിയുന്നത് എനിക്ക് നല്ല വിഷമം ഉണ്ട് . പക്ഷേ പോകാതെ പറ്റില്ലല്ലോ . പെണ്ണ് ആയ്‌പോയില്ലെ.


അങ്ങനെ നാലുകെട്ടും അറയും നിലയും ഉള്ള കുന്നിക്കൽ തറവാട്ടിലെ രാജകുമാരി പട്ടത്തിൽ നിന്ന് മണിമുറ്റത്ത് തറവാട്ടിലെ രാജ്ഞിയായ്‌ പരിവർത്തനം. തറവാട് തന്നെ. പക്ഷേ നാലുകെട്ട് ഇല്ല. വലിയ ഇടനാഴി ഇല്ല. നിലവറ ഇല്ല.എന്നാലും കുഴപ്പമില്ല.

അദ്ദേഹത്തോട് മിണ്ടാൻ എനിക്ക് ഭയമാണ് . എപ്പൊഴും ഒരു ദേഷ്യഭാവമാ. അമ്മായമ്മയോട് മിണ്ടാമെന്ന് വെച്ചാൽ പുള്ളിക്കാരി ഊമയാ ...ഇഷ്ടം പോലെ വാല്യക്കാർ ഉണ്ട്. പശുക്കറവക്കും, പുല്ല് ചെത്താനും,റബർ കറ എടുക്കാനും , അരി കുത്താനും എല്ലാം.പക്ഷേ അടുക്കളയിൽ അമ്മ ആരെയും കയറ്റില്ല. എനിക്ക് ആണെങ്കിൽ ഒരു കാപ്പി ഇടാൻ പോലും അറിയില്ല. കല്യാണം ഉറപ്പിച്ചപ്പോ എന്തോ തട്ടിക്കൂട്ടി പഠിച്ചു .പക്ഷേ ആരും എന്റെ ഭക്ഷണം കഴിച്ചിട്ടില്ല.

ആദ്യം തൊട്ടേ അദ്ദേഹത്തിന് എന്നോട് ഒരു അകൽച്ച ആണ്.ഞാൻ ഇഷ്ടപ്പെടാത്തത് ഒന്നും ചെയ്തതായി എനിക്ക് ഓർമ കൂടി കിട്ടുന്നില്ല.പിന്നെ എന്താണാവോ.അമ്മ ഊമയാണെങ്കിലും സ്നേഹമുള്ള ആളാ .അങ്ങനെ ആദ്യ ദിവസങ്ങൾ കടന്നുപോയി. എനിക്കിപ്പഴും ഏതോ ഒരു വീട്ടിൽ നിൽക്കുന്ന തോന്നലാ.. എന്റെ വീട്ടിൽ സംസാരിക്കാൻ ഒരുപാട് പേരുണ്ട്.കളിക്കാൻ എന്റെ അനിയത്തി ഉണ്ട്,സ്നേഹിക്കാൻ എന്റെ അമ്മയുണ്ട്,വഴക്ക്‌ പറയാൻ ചേട്ടന്മാർ ഉണ്ട്‌. പിണങ്ങാൻ എന്റെ അനിയന്മാരുണ്ട്.പക്ഷേ ഇവിടെ മിണ്ടാൻ വാല്യക്കാരു മാത്രേ ഉള്ളൂ.അവർ ആണെങ്കിൽ എന്തെങ്കിലും ജോലിയിലും ആവും.

അദ്ദേഹത്തിനെ എനിക്ക് ദിവസങ്ങൾ കഴിയുംതോറും ദേഷ്യം തോന്നുവാ.ഒരു ഗൗരവക്കാരൻ.എന്നോട് സ്നേഹത്തോടെ മിണ്ടാറേയില്ല.ചോറ് ആയോ ,പ്രാതൽ ആയോ,ചായ ആയോ ..ഇങ്ങനെ ചില ചോദ്യങ്ങൾ മാത്രം .ഞങ്ങൾ ഇങ്ങനെ അടുക്കളക്കാരോട ചോദിക്കാറ്‌.ചില രാത്രികളിൽ മാത്രം ഞാൻ ഭാര്യ ആകും. ഇങ്ങനെ ആണോ ഭാര്യേം ഭർത്താവും എന്ന് വെച്ചാൽ.. ആവോ ആയ്‌രക്കും.



അങ്ങനെ ദിവസങ്ങൾ കടന്നുപോയി.മിണ്ടാട്ടം എല്ലാം പഴയപോലെ തന്നെ.എന്നോട് മിണ്ടിയില്ല എങ്കിൽ ഞാനും മിണ്ടില്ല. അത്ര തന്നെ. ഇങ്ങനെ മിണ്ടാതെ ഇരിക്കാൻ ആണെങ്കിൽ എന്തിനാ എന്നെ കെട്ടാൻ വന്നെ.ഞാൻ എന്റെ തറവാട്ടിൽ അനിയത്തിടെ കൂടെ കളിചു നടക്കില്ലായിരുന്നോ,കൂട്ടുകാർക്കൊപ്പം തൊടിയിൽ രസിക്കില്ലായിരുന്നോ,അമ്മയുടെ മടിയിൽ ആ തലോടൽ ഏറ്റ് കിടക്കില്ലായിരുന്നോ???
ഇത്രക്ക് ഇഷ്ടം അല്ലായിരുന്നു എങ്കിൽ എന്തിനാ പെണ്ണ്  കാണാൻ വന്നത്.
അതോ എല്ലാവരും ഇങ്ങനെ ആണോ.ചിലർ ഒക്കേ അമ്മയോട് കോലായിൽ വന്ന് ഇരുന്ന് സങ്കടം പറയുന്ന കേട്ടിട്ടുണ്ട്.....


ഏയ്... അല്ല.ചേച്ചിടെ ഭർത്താവിന് ചേച്ചിയോടും മക്കളോടും എന്ത് സ്നേഹമാ..ചേച്ചി മരിച്ചിട്ടും ചേച്ചിന്ന് വെച്ചാൽ ചേട്ടന് ജീവനാ.പിന്നെന്താ ഇയാൾ ഇങ്ങനെ.മനസ്സിൽ കൂട്ടലും കിഴിക്കലും നടത്തി കാലം കടന്നുപോയി. പതിയെ പതിയെ ദേഹോപദ്രവവും തുടങ്ങി.ഞാൻ എന്തെങ്കിലും ചെറിയ തെറ്റ് ചെയ്താൽ പാത്രം എറിഞ്ഞും ,മുടിക്ക് പിടിച്ചും,തല്ലിയും ശിക്ഷിച്ചു. കുറെ ആയപ്പോ ഞാനും മടുത്തു.അടിചു തോൽപിക്കാൻ പറ്റില്ലാലോ.അതുകൊണ്ട് വായിൽ വരുന്നതെല്ലാം ഞാൻ വിളിച്ച് പറഞ്ഞു.

ആദ്യം എല്ലാം ഞാൻ ഭക്ഷണം സമയത്തിന് ഉണ്ടാക്കി കൊടുക്കുന്നില്ല എന്നതായിരുന്നു.ഞാൻ ഒരു തുടക്കകാരി അല്ലേ,അത് ഇയാള് മനസ്സിലാക്കണ്ടെ..പിന്നെ ഞാൻ ഒത്തിരി സംസാരിക്കുന്നു എന്നതായി.അദ്ദേഹത്തിനെ കാണാൻ വരുന്നവരോട് നന്നായി കഥ പറയാറുണ്ടല്ലോ.ഞാൻ ഇവിടെ വാല്യക്കരോട് എന്തേലും മിണ്ടുന്നത പ്രശ്നം.ഇഷ്ടമില്ലാത്ത അച്ചി ചെയ്യുന്നതെല്ലാം കുറ്റം എന്ന അവസ്ഥയായിരുന്നു.പലപ്പോഴും താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

ഓരോ തവണ പ്രശ്നം നടക്കുമ്പോളും എനിക്ക് ഓടി ചെല്ലാൻ എന്റെ തറവാട് ഉണ്ടായിരുന്നു.എന്റെ അമ്മയുടെ മടിയിൽ കിടക്കുംപോൾ മനസ്സിലെ മുറിവിന് മരുന്ന് വെച്ചത് പോലെ ആയ്‌രുന്നു.അമ്മ വാത്സല്യത്തോടെ തലയിൽ തടവി തരുമായിരുന്നു. അതിനൊരു പ്രത്യേക സുഖമാ. എല്ലാരും പറഞ്ഞ് സമാധാനിപ്പിച്ച് തിരിച്ച് അയക്കും.അങ്ങനെ കുറച്ച നാൾ കൂടി മുന്നോട്ട് പോയപ്പോൾ ഞാൻ ഗർഭിണി ആയ്. മറ്റുള്ള ഗർഭിണികളെ പോലെ എനിക്ക് സ്നേഹമോ,കരുതലോ ഒന്നുമേ കിട്ടിയിട്ടില്ല.മറ്റുള്ളവരോട് ചിരിക്കുമ്പോൾ എനിക്ക് ഒരു ചിരി പോലും തന്നിട്ടില്ല ആ മനുഷ്യൻ.




ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ഉണ്ടായി.എന്റെ ജീവിതത്തിൽ സന്തോഷം നിറയും എന്ന് വിചാരിച്ചു.പക്ഷേ എല്ലാം വെറും സ്വപ്നം മാത്രമായിരുന്നു.വീണ്ടും അതേ ഉപദ്രവവും,തെറി വിളിയും.കുറച് ഒക്കെ സഹിക്കും.പറ്റാണ്ട് ആകുമ്പോ വീട്ടിലേക്ക് പോകും. കുറച്ച് ദിവസം എല്ലാം ശെരിയാകും ന്ന്‌ പറഞ്ഞ് അവർ തിരിച്ച് കൊണ്ട്‌വിടും.

വർഷങ്ങൾ കഴിഞ്ഞു.ഞങ്ങൾക്ക് രണ്ട് ആൺമക്കൾ കൂടെ പിറന്നു.അദ്ദേഹത്തിന്റെ അമ്മ മരിച്ചു.എന്നിട്ടും,എന്റെ ജീവിതത്തിൽ വെളിച്ചം മാത്രം വന്നില്ല.പിന്നീട് അറിയാൻ പറ്റി .അദ്ദേഹത്തിന് വേറെ ഒരു പ്രണയം ഉണ്ടായിരുന്നു.വിവാഹത്തിന് മുൻപ്. അതാവും എന്നോടീ അകൽച്ച.എന്ത് തന്നെ ആയാലും അതൊന്നും ഇപ്പൊ എന്നെ ബാധിക്കുന്നില്ല.ഒരു തരം മരവിപ്പാണ്.

ഇപ്പൊ കാലൻ വന്നാൽ വിളിക്കാതെ തന്നെ ഞാൻ പോകും.അത്രക്ക് മടുത്തു ഈ ജന്മം.എന്താണെന്ന്  അറിയില്ല ,എനിക്കെന്നും വയ്യാഴിക ആണ്‌. തലവേദന, തലകറക്കം ഒക്കെ. ഈ തല്ല് എല്ലാം കൊണ്ടിട്ട് ആവും.ഒരിക്കൽ റബർ ഷീറ്റ് ഇൽ ഒഴിക്കാൻ വെച്ച ആസിഡ് വരെ എന്റെ വായിൽ ഒഴിച്ചു.താക്കോൽ കൂട്ടം വെച്ച് എന്റെ വായ കീറി.ബന്ധം കളയാൻ പോലും ഞാൻ ആലോചിച്ചു.പക്ഷേ എന്ത് ചെയ്യാൻ. അമ്മ പറഞ്ഞു പിന്നെ നിന്നേം മക്കളേയും ആരു നോക്കുമെന്ന്. അതുകൊണ്ട് സഹിക്കാൻ തന്നെ തീരുമാനിച്ചു.

ആത്മബന്ധം ഇല്ലാത്ത രണ്ട് പേരുടെ മക്കളായി ഞങ്ങൾടെ മക്കൾ വളർന്നു:സാവിത്രി,അജയൻ,ഹരി.
എന്റെ മക്കളെ പോലും സ്നേഹിക്കാൻ എനിക്ക് പറ്റിയില്ല. അത്രക്ക് മരവിച്ച് പോയി എന്റെ മനസ്സ്.മൂത്ത മകൾക്ക് അതുകൊണ്ട് തന്നെ അച്ഛനോട് ആയിരുന്നു സ്നേഹം.രണ്ടാമൻ അജയന് എന്നോടായിരുന്നു കൂറ്.അവന് അച്ഛനെ പേടിയായിരുന്നു.വേറെ ഒന്നുമല്ല ,അവന്റെ കള്ളത്തരങ്ങൾക് നല്ല പൊട്ടീര് കിട്ടുമായിരുന്നു .അത്ര തന്നെ.ഇളയവൻ മിടുക്കൻ ആയിരുന്നു.

കാലം എന്തിനോ വേണ്ടി കുതിക്കുന്നു.മകൾടെ വിവാഹം ആയ്‌ .ഗൾഫ്‌കാരൻ ആണ്. അവൾക്ക് എങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ. അവൾ പോയപ്പോ എനിക്ക് ഉണ്ടായിരുന്ന ഒരു കൈസഹായം പോയി.എന്നാലും ഇളയവൻ ഇടക്കൊക്കെ ചില്ലറ സഹായങ്ങൾ ചെയ്യും. സാവിത്രിക്ക് ഒരു പെൺകുഞ്ഞ് ഉണ്ടായി.ഇവിടെ കുറച്ച ദിവസം വന്ന് നിക്കും ചിലപ്പോ.പിന്നീട് അവളെയും കുഞ്ഞിനെയും ഗൾഫിലേക്ക് കൊണ്ടുപോയി.




ആൺമക്കൾ വളർന്നു.എന്റെ രണ്ട് പ്രതീക്ഷകൾ........രണ്ടും പാഴായി പോയെന്ന് ഒരു തോന്നൽ.ഞാൻ കുറച്ചു  കൂടി മക്കളെ ശ്രദ്ധിക്കണ്ടതായിരുന്നു.അവർ രണ്ടും അച്ഛന്റെ അതേ പാത ആണ് പിന്തുടരുന്നത്.ചിലപ്പോൾ അതിനേക്കാൾ മോശവും.നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യവും,കേട്ടാൽ അറക്കുന്ന തെറി വിളിയും.നാട്ടിൽ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട് .രണ്ട് പേരൂടെ ചേർന്നു.
എങ്ങോട്ട് ആണാവോ ഈ പോക്ക്.

ആദ്യം ഒക്കെ ഒരു സന്തോഷം ആയ്രുന്നു.എനിക്ക് ബലത്തിന് ഇവർ ഉണ്ടല്ലോ അച്ഛനോട് എതിരിട്ട് നിൽക്കാൻ എന്ന്.പിന്നീട് അവർ അച്ഛനേക്കാൾ  മോശം ആയ്തീരുകയാണെന്നു് മനസ്സിലായി.
അങ്ങനെ അവർ അച്ഛനെ കണ്ട് പഠിച്ചത് പ്രയോഗിക്കാൻ തുടങ്ങി,അവരുടെ കൈ  എന്റെ കവിളത്ത് വീണു.അമ്മയ്ക്കുള്ള തലോടൽ അല്ല.അമ്മയ്ക്കുള്ള തല്ലായ്‌. അന്ന് ആണ് അമ്മയെന്ന നിലയ്ക്ക് ഞാൻ പരാജയം ആയിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കിയത്.

3 വർഷം കഴിഞ്ഞ് സാവിത്രി ഗൗൾഫിന്ന് വന്നപ്പോഴേക്ക്‌ അവളുടെ ആങ്ങളമാർ ആരും മിണ്ടാൻ പോലും രണ്ട് വട്ടം ആലോചിക്കുന്ന തരം ദേഷ്യക്കാർ ആയ് തീർന്നിരുന്നു. അവരുടെ അച്ഛനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. അദ്ദേഹത്തിന് അങ്ങ് മാറി കുറച്ചു  പാടവും വസ്തുക്കളും വേറെ ഉള്ളത്കൊണ്ട് അവടെ ഒരു ഷീറ്റ് കെട്ടി താമസിക്കുന്നു എന്ന് കേട്ട് അറിഞ്ഞു.എന്നോട് ചെയ്ത ദ്രോഹങ്ങൾക് ദൈവം ആൺമക്കളുടെ രൂപത്തിൽ തിരിച്ച് കൊടുക്കുകയാണ് എന്ന് ഞാൻ മനസ്സിനെ പഠിപ്പിച്ചു. വലിയ പ്രതീക്ഷയിൽ വന്ന എന്റെ മകളെയും മരുമകനെയും കൊച്മകളെയും അവന്മാർ അടിച്ച് ഇറക്കി.

അവർ വളരുന്നതിനു ഒപ്പം അവരുടെ ദേഷ്യവും വളർന്നു .മിടുക്കൻ ആയിരുന്ന ഇളയവൻ ചെട്ടനേക്കാൽ മോശമായി.

ഭർത്താവ് തരുന്ന ദുഃഖത്തേക്കാൾ അസഹനീയം മക്കൾ തരുന്ന ദുഃഖമാണെന്ന് ഞാൻ അറിഞ്ഞ വർഷങ്ങൾ ആയരുന്നു പിന്നീട് അങ്ങോട്ട്. ഭർത്താവും ആൺമക്കളും തന്ന സ്നേഹ സമ്മാനങ്ങൾ കൊണ്ടാണോ എന്തോ,എനിക്ക് തീരെ വയ്യ . തല തൊട്ട് എവിടൊക്കെയോ മേലാഴിക ആണ്.ഒന്നും ചെയ്യാൻ വയ്യ. എല്ലാം കഴിക്കണമെന്ന് തോന്നും.പക്ഷേ പാകം ചെയ്യാൻ ദേഷ്യമാണ്. ആ അടുക്കളയിൽ കയറുംപോൾ തൊട്ട് ഞാൻ ഒരു വേലക്കാരി ആണെന്ന തോന്നൽ ആണ്.ഭക്ഷണം വെയ്ക്കണം കഴിക്കണം എന്ന് എല്ലാം ആഗ്രഹം ഉണ്ട്.പക്ഷേ ആ അടുക്കള വെറുപ്പ് കൂടി കൂടി അത് ഒരു മടിയായിട്ട്‌ വളർന്നു.അതിനു മക്കൾ എല്ലാം എന്നെ എപ്പോഴും വഴക്ക് പറയും.

പ്രായം കൂടിവരികയാണ്, ഒപ്പം ജീവിതത്തിലെ വിരസതയും. ഇപ്പോഴും എന്റെ മനസ്സ് എന്റെ തറവാട് വിട്ട്‌ പൊന്നിട്ടില്ലാ.പക്ഷേ ഇപ്പൊ എന്റെ അമ്മ അവിടില്ല. ആ തറവാടും.അത് എല്ലാം പൊളിച്ചു ഭാഗം വെച്ച് പോയി.

അജയൻ രണ്ട് കെട്ടി.പല ജോലിക്കും പയറ്റി .പക്ഷേ അവന്റെ മുൻകോപവും ഭഗ്യക്കേടും അവനെ എവിടെയും എത്തിച്ചില്ല.ഒരു കട ഇട്ട് അല്ലറ ചില്ലറ സൈഡ് ബിസിനസ് ഒക്കെ ആയ് അവൻ മുന്നോട്ട് പോകുന്നു.ഇളയവൻ ഹരി സ്വയം പരിശ്രമിച്ച് ഒരു പോലീസ് ജോലി തരപ്പെടുത്തി.പക്ഷേ അവന്റെ ഡിഗ്രീ പഠനത്തിന് ആരും സഹായിച്ചില്ല എന്ന് പറഞ്ഞ് അച്ഛനോടും സഹോദരങ്ങളോടും അടങ്ങാത്ത ദേഷ്യമാണ്.  അവന്റെ കാര്യം സാധിക്കാൻ ഏത് അറ്റം വരെയും പോകും എന്ന സ്വഭാവമാണ്.വീട് പുതുക്കി പണിയാൻ എന്ന പേരിൽ കുടുംബം അവൻ എഴുതി വാങ്ങി.

പഴയ പശുത്തൊഴുത്ത് ഒരു ഒറ്റമുറി വീട് തോൽക്കും വിധം അവൻ വെടിപ്പാക്കി തന്നു. എനിക്ക് താമസിക്കാൻ.വീട് പണി കഴിയുംവരെ. അച്ഛന്റെ പഴയ കട അച്ഛന് താമസിക്കാൻ  വൃത്തിയാക്കി കൊടുത്തു.ദിവസങ്ങൾ മാസങ്ങളായി.

വീട് പണി തീർന്നു.പക്ഷേ പാലുകാച്ചൽ നടത്തുന്നില്ല. അവന്റെ രണ്ട് കല്യാണത്തിനും കൂട്ട്‌ നിന്ന ഞങൾ ഇനി മൂന്നാമത്തെ പെണ്ണിനെ കൊണ്ടുവരാൻ സമ്മതിക്കണം അത്രെ.അവളെ പറ്റി നാട്ടിലോ വീട്ടിലോ നല്ലത് പറയാനില്ല.അത്രക്ക് മോശപ്പെട്ടവൾ.അവളെ എങ്ങിനെ ഈ കുടുംബത്തിൽ കൊണ്ടുവരും.ആരും സമ്മതിച്ചില്ല.അവൻ പാലുകാച്ചൽ നടത്തിയതുമില്ല.
ഞാൻ ആ തൊഴുത്തിൽ ജീവിച്ചു.
.അവിടെ അടുക്കള ഉണ്ടായിരുന്നു,മുറി ഉണ്ടായിരുന്നു. ഇടുങ്ങിയതെങ്കിലും ആ വീടിനേക്കൾ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അടുത്തുള്ള പള്ളിയിലെ പ്രാർത്ഥനകൾ കേട്ട് എല്ലാം ദൈവത്തിൽ അർപ്പിച്ച് കണ്ണീരോടെ എന്റെ വേദനകളെ കടിച്ചമർത്തി ഞാൻ അവിടെ ജീവിച്ചു.

ഒരിക്കൽ എനിക്ക് വയ്യാതെ വന്നു.ശ്വാസം മുട്ടുന്ന പോൽ തോന്നി,തല കറങ്ങി, ശർദിക്കാൻ വന്നു,വയറ്റിന്നും പോയി.അടുത്തുള്ള മറിയ ആ വഴി വന്നകൊണ്ട് എല്ലാരും അറിഞ്ഞു എന്റെ അവസ്ഥ. ഇല്ലായിരുന്നു എങ്കിൽ അന്നേ ഈ കഥയില്ലാ ജന്മം തീർന്നെനെ.

ദൈവത്തിനു എന്നോട് എന്തോ കടുത്ത വൈരാഗ്യം ആണെന്ന് തോന്നുന്നു. ദേഹോപദ്രവം കുറഞ്ഞപ്പോൾ അസുഖങ്ങളായ്‌.എനിക്ക് വയ്യ മുന്നോട്ട് ജീവിക്കാൻ. കഴിഞ്ഞ ജന്മത്തിൽ എന്തോ മാപ്പ് ഇല്ലാത്ത പാപം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. പിന്നീട് ഒരു അമ്മ ഏറ്റവും തകരുന്ന കാഴ്ചയും കാണണ്ട അവസ്ഥ വന്നു. മക്കൾ തമ്മിൽ ഉള്ള ശത്രുത. അജയനും ഹരിയും ഇന്ന് കണ്ടാൽ കൊല്ലാൻ  പോലും ഉതകുന്ന ശത്രുക്കളായി.
ഹരിയുടെ മൂന്നാമത്തേത് അവന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ അവൻ ഞങ്ങളുമായി ഒരുപാട് അകന്നു. ഞങ്ങൾ അവനൊരു ബാധ്യതയായി.

എനിക്കും അച്ഛനും വയ്യാതെ വന്നത് മുതൽ പാലുകാചാൻ മിനക്കെടാതെ ഞങ്ങളെ പുതിയ വീട്ടിലേക്ക് മാറ്റി.സാവിത്രി ഇടക്കൊക്കെ വരും .മാസത്തിൽ ഒരിക്കലോ മറ്റോ.അതാ ഒരാശ്വാസം. അവൾടെ വീട്ടിൽ പോകണം എന്നുണ്ട്. ആരോഗ്യം സമ്മതിച്ചാലും ഇവിടെ ഉള്ളയാൾ സമ്മതിക്കുമോന്നു് അറിയില്ല.പുള്ളിക്ക് ഇപ്പൊ യാത്ര ചെയ്യാൻ ഒന്നും വയ്യ.എന്നാലും എന്നോട് ഉള്ള പോരിനു ഒരു കുറവുമില്ല. ഒറ്റക്കാക്കി പോയാൽ പിന്നെ അത് മതി.

എന്റെ കൊച്ചുമകളുടെ വിവാഹം ഉറപ്പിച്ചു.ഉറപ്പിന് പോയെങ്കിലും യാത്ര കാരണം അവിടെ ചെന്ന് കിടപ്പിലായി.എങ്കിലും എല്ലാരേം ഒന്നു കാണാൻ പറ്റി. അതിനു പോയി വന്നേന് തന്നെ കുറേ കേട്ടു. ആൺമക്കളും ഇടഞ്ഞ് നിൽക്കുവാരുന്നു.അവൾക്ക് ഒന്നുമില്ലേൽ അവരുടെ മകളുടെ സ്ഥാനമല്ലെ. അവരെ വേണ്ടത് പോലെ വിളിച്ച് അറിയിച്ചില്ലാന്ന് പറഞ്ഞ് ആ കുഞ്ഞിനെ പറ്റി എന്തൊക്കെ അപവാദമാണ് പറഞ്ഞ് പരത്തിയത്. അവള് പ്രേമിച്ച് കേട്ടുവാനെന്നോ, അങ്ങനെ എന്തൊക്കെയോ.ഓരോ ദിവസവും പേടി ആണ്. ഇൗ പാപം ഒക്കെ ഇവന്മാർ എവിടെ കൊണ്ട് കളയുമോ എന്തോ.

മോൾടെ കല്യാണത്തിനു പോകാൻ പറ്റുമെന്ന് ഒട്ടും പ്രതീക്ഷയിലായിരുന്നു. സാവിത്രി യും ഭർത്താവും എന്റെ കൊച്ചുമകളും വന്നിരുന്നു.പുതിയ ജീവിതത്തിലേക്ക് കടക്കുന്നേന് മുൻപ് ആദ്യത്തെ ദക്ഷിണ തരാൻ . ഇളയവൻ വീട്ടിൽ ഉണ്ടായിരുന്നു. ലോകത്ത് ഒരു അമ്മാവന്മാരും ചെയ്യാത്തത് പോലെ അവൻ അവളെ ശപിചു.അവളുടെ വിവാഹം വേർപിരിയും എന്ന് പറഞ്ഞു.അവളെയും സാവിത്രിയെയും പിടിച്ച് മാറ്റാൻ ചെന്ന പ്രായം ചെന്ന അവന്റെ അച്ഛനമ്മമാരെ യും അവൻ തല്ലി.
അവസാനം കീറിയ വെറ്റിലകൊണ്ട് ദക്ഷിണ തന്നിട്ട് ആണ് മോൾ ഇറങ്ങിപ്പോയത്. അച്ഛൻ ഇത്രയും കരയുന്നത് ഞാൻ അന്നാണ് ആദ്യമായ് കാണുന്നത്.


എനിക്ക് എന്തായാലും കല്യാണം കൂടാനും രണ്ടീസം അവടെ നിക്കാനും ,അടുക്കള കാണൽ കൂടാനും ഭാഗ്യം ഉണ്ടായി.അച്ഛന് വിഷമം ഉണ്ട് ,എന്നാലും യാത്ര ചെയ്യാൻ പറ്റില്ലല്ലോ....
അങ്ങനെ സാവിത്രി ഒറ്റക്കായി.മോൾ എന്നും വിളിക്കുമെന്ന് പറഞ്ഞു.

മോൾടെ ജീവിതത്തിൽ അവന്റെ പ്രാക്ക്‌ എൽക്കുമോ എന്ന് പേടി ഉണ്ടായിരുന്നെങ്കിലും അവള് സന്തോഷമായി ജീവിക്കുന്നു.അതാ ഒരു ആശ്വാസം.


ഇപ്പൊ സങ്കടം മുഴുവൻ അജയനെ ഓർത്തു ആണ്.അവന് ബിസിനസിൽ എന്തൊക്കെയോ നഷ്ടം വന്ന് ആകെ കടക്കെണിയിൽ ആണ്. ഹരിയുടെ ആ എന്തരവൾ എന്തൊക്കെയോ കളിക്കുന്നുണ്ട് അജയനേ കൂടുതൽ കുടുക്കാൻ.
അതോടൊപ്പം അവന് തൊലി ഇളകുന്ന അസുഖവും ആണ്.കണ്ട് നിൽക്കാൻ പറ്റുന്നില്ല. ഏത് അമ്മക്ക് താങ്ങാൻ ആകും ഇതെല്ലാം. മക്കളെ ഓർത്തോ സ്വന്തം ജീവിതം ഓർത്തോ സന്തോഷിക്കാൻ ഒരവസരം പോലും വന്നിട്ടില്ല.

നാൾക്കുനാൾ ആൺമക്കൾ തമ്മിൽ ഉള്ള ശത്രുത മുറുകി വന്നു.അജയന്റെ അസുഖവും.അതോടൊപ്പം കേസും വഴക്കും കയ്യാങ്കളിയും. ഹരി എന്തെങ്കിലും ചെയ്താൽ പോലും എനിക്കും അച്ഛനും കണ്ട് നിൽക്കാനേ കഴിയുമായിരുന്നുള്ളൂ. അജയന്റെ കേസിന്മേൽ പോലീസുകാർ ചോദിക്കുമ്പോൾ ഞങ്ങൾ ഒന്നും കണ്ടിട്ടില്ല എന്ന് കൈ മലർതേണ്ടി വന്നു.കാരണം ഇളയവന്റെ തല്ല് കൊള്ളാൻ ഉള്ള ശേഷിയോ,അവൻ ഇറക്കിവിട്ടാൽ പോകാൻ ഒരിടമോ ഞങ്ങൾക്ക് ഇല്ലായിരുന്നു.

അജയന്റെ രണ്ട് മക്കളും ഇടക്ക് ഇടക്ക് അപ്പൂപ്പനെയും അമ്മൂമ്മയേയും കാണാൻ വരുമായിരുന്നു .അതൊരു സമാധാനം ആയിരുന്നു  ഞങ്ങള്ക് .പക്ഷെ ഹരി അതും വിലക്കി.അവർ ഇനി വന്നാൽ മോഷണക്കേസിൽ കുടുക്കും എന്ന ഭീഷണിപ്പെടുത്തി .പെണ്മക്കൾ അല്ലെ ..അവർക്ക് ഒരു ചീത്തപ്പേര് നാട്ടിൽ ഉണ്ടായാൽ പിന്നെ പോയില്ലേ ജീവിതം... അങ്ങനെ ആ സന്തോഷവും നിലച്ചു.


കുറച്ച് നാളായി  ഒരു വയറു  വേദന .വയറ്റില് ഭയങ്കര അസ്വസ്ഥത .സാവിത്രിയോട് പറഞ്ഞപ്പോ  'അമ്മ ഒന്നും കഴിക്കാത്തത്കൊണ്ടാണെന്ന് പറഞ്ഞു.സത്യമായിരിക്കും എന്ന് ഞാനും വിചാരിച്ചു.ജയിലിൽ തരുന്നത്പോലെ ഇളയ പുത്രൻ എന്താ തരുക എന്ന വെച്ചാൽ കഴിച്ചോണം ഇവിടെ .എന്നും ഇഡ്ഡലി ആണു .മടുത്തു.ചോറിനും എന്നും ഒരു മോര്കറി ,തോരനോ മെഴുക്കുപിരട്ടിയോ കാണും ,പിന്നെ പപ്പടവും .എന്നും ഇങ്ങനെ തന്നെ. ചിലപ്പോ പ്രായം ആയപ്പോളത്തെ എന്റെ അഹങ്കാരം ആയിരിക്കും.മരുന്ന് ഒക്കെ പറഞ്ഞു വാങ്ങിപ്പിച്ചു. എന്നിട്ടും ശെരിയാകുന്നില്ല.ലേഹ്യം കഴിച്ചു തുടങ്ങിയപ്പോ നല്ല വിശപ്പുണ്ട്.എന്നാൽ ശെരിയാകുമായിരിക്കും.

ഇതിനിടക്ക് ഞാൻ ഒരു മുതുമുത്തശ്ശിയായ് .എന്റെ കൊച്ചുമോൾക്കും ഒരു കുട്ടിയായ് .അവർ മൂന്നും വന്നിരുന്നു.എന്റെ മകളും, കൊച്ചുമകളും, അവളുടെ കുഞ്ഞും.അവര് എല്ലാവരും കൂടെ ഒരു ഫോട്ടോ ഒക്കെ എടുക്കാൻ വന്നതാ .പക്ഷെ എന്റെ കോലം കണ്ടപ്പോ വേണ്ടന്ന് വെച്ച് അത്രേ.വയറിനു വയ്യാഴ്ക വന്നപ്പോ ഞാൻ ഒരുപാട് ക്ഷീണിച്ചുന്ന.സാവിത്രിക്ക് ഒരുപാട് വിഷമമായി .അച്ഛനും ഒത്തിരി ക്ഷീണിച്ചു .എന്തായാലും ഒരു തലമുറയെ കൂടെ കാണാനും എടുക്കാനും പറ്റി .

ലേഹ്യം കഴിക്കാൻ തുടങ്ങ്യപ്പോ ഭയങ്കര വിശപ്പാ  .എന്താ ഈ എന്നും എന്നും കഴിക്കാൻ ഉണ്ടാക്കണ്ടേ..ഓ വയ്യ.അതങ്ങ് നിർത്തി.വീണ്ടും വയറിനു അങ്ങ് വിഷമമാ.. പോകാറായോ ഞാൻ.ഏയ് ,അങ്ങനെ എങ്കിൽ എന്നേ പോകേണ്ടതായിരുന്നു .ഇതിലും വലുത് എന്തൊക്കെ കണ്ടിരിക്കുന്നു .ഞാൻ പോയാൽ അച്ഛന്റെ കാര്യമാകും കുഴയുക.ഈ വാശിക്കും വായ്ക്കും ആരെങ്കിലും കൂടെ നിന്ന് സഹിക്കുമോ.മ്മ് പഠിക്കട്ടെ ..അറിയട്ടെ എന്റെ വില അപ്പോളെങ്കിലും ...

ഇടയ്ക്ക് എന്റെ ആധിപറച്ചിൽ സഹിക്കാഞ്ഞിട്ട് ഹരി ആശുപത്രയിൽ കൊണ്ടുപോയി എല്ലാ  ടെസ്റ്റും  ചെയ്യിച്ചതാ .തല തൊട്ട് കാലുവരെ .കുഴപ്പം ഒന്നും ഇല്ലന്ന് ഡോക്ടർമാർ പറഞ്ഞെ.പക്ഷെ അവര്ക് അറിയാഞ്ഞിട്ടാവും .എനിക്കെന്തോ പ്രശ്നമുണ്ട്.അവരുടെ ടെസ്റ്റ് ഒക്കെ തെറ്റിയതാവും.എനിക്ക് നാൾക്ക് നാൾ വയ്യാതെ ആകുവാ .അവസാനം സാവിത്രി അവടെ നാട്ടിലെ ഹോസ്പിറ്റലിൽ നോക്കിക്കാമെന്ന് പറഞ്ഞു..അവൾക് എന്റെ കൂടേം നിക്കണം എന്നുണ്ട് .എനിക്കും. അച്ഛനെ സമ്മതിപ്പിക്കാനാ പാട്......എന്ത് പറ്റിയോ ആവോ,എനിക്ക് വയ്യാന്ന്  കുറെ ദിവസമായിട്ട് കേള്കുന്നത്കൊണ്ട് ആവും. അങ് സമ്മതിച്ചു പുള്ളിക്കാരൻ.


മനസ്സ് കൊണ്ട് ഒരുപാട് സന്തോഷിച്ച ദിവസങ്ങൾ ആയിരുന്നു അവ.പരോളിൽ ഇറങ്ങുന്ന ഒരു ജയില്പുള്ളിയെ പോലെ തോന്നി എനിക്ക്.കുറെ വർഷങ്ങൾക് ശേഷം ആ വീട്ടിൽനിന്നും ആശുപത്രിയിൽനിന്നും ഒരു മുക്തി .എന്റെ മകളുടെ കൂടെ കുറച്ചു  ദിവസങ്ങൾ.....പക്ഷെ ആ സന്തോഷത്തിനു പോലും എനിക്ക് അർഹത ഇല്ലാതെ ആയി.ശരീരം പറഞ്ഞു നീ സന്തോഷിക്കണ്ട എന്ന് ...അവൾ ആശുപത്രിയിൽ കൊണ്ടുപോയി .എൻഡോസ്കോപ്പി ഒക്കെ ചെയ്യിച്ച നോക്കി .എന്നിട്ടും ശെരിയായ പ്രശ്നം എന്താണെന്ന് ആരും പറഞ്ഞില്ല. അതിനു വീണ്ടും കുറെ ടെസ്റ്റുകൾ ചെയ്യണം പോലും. പഴയ ഡോക്ടർ എല്ലാം ചെയ്തത്കൊണ്ടും കുഴപ്പം ഇല്ലന്ന് പറഞ്ഞത്കൊണ്ടും ഇവിടെ കൂടുതൽ ടെസ്റ്റുകൾക് നിന്നില്ല. വീട്ടിൽ വന്നപ്പോൾ മുതൽ ഒന്നും കഴിക്കാൻ തോന്നുന്നില്ല.വയറ്റിന്ന് അറിയാതെ തന്നെ എല്ലാം പോകാൻ തുടങ്ങി.ശരീരം വല്ലാതെ തളർന്നു.എന്തിനു ജീവിക്കുന്നു എന്ന പോലും തോന്നി തുടങ്ങി എനിക്ക്. അവളും ഒറ്റക്കല്ല ഉള്ളു. അവടെ വെച്ച എന്തെങ്കിലും എനിക്ക് സംഭവിച്ചാൽ ആൺമക്കൾ രണ്ടും കൂടെ അവളെ കൊലപാതകത്തിന് അഴി എണ്ണിച്ചെന്ന്  വരും.അവൾ അപ്പോൾ തന്നെ ആംബുലൻസ് വിളിപ്പിച്ചു ഹരി ആദ്യം കാണിച്ച ആസ്പത്രയിലേക്ക് കൊണ്ടുപോയി.ആണ്മക്കളും വന്നു. 

പിന്നീട് അങ്ങോട്ട് ദൈവത്തിനു എന്നെ ഇത്രേം നാൾ  പരീക്ഷിച്ചു പോരാത്തത് പോലെ ഉള്ള ക്രൂര ദിനങ്ങൾ ആയിരുന്നു .ഡോക്ടർമാർ,നഴ്സുമാർ ,ഇൻജെക്ഷൻ,ഡയാലിസിസ് ,ഓക്സിജൻ  സിലിണ്ടർ ,ഐസീയൂ ,അങ്ങനെ അങ്ങനെ ..എനിക്ക് മടുത്തു .എന്ത് മഹാപാപം ഞാൻ ചെയ്തുവെന്ന്  ഇത്രേം വർഷങ്ങൾ ആലോചിച്ചിട്ടും ഉത്തരം കിട്ടിയിട്ടില്ല .ഇത്രയും അനുഭവിക്കാൻ.പിന്നെ ഒരു സമാധാനം മക്കൾ എല്ലാം എപ്പോളും അടുത് ഉണ്ടായിരുന്നു.അജയന്റെ മക്കളെയും ഇടക്ക് കൊണ്ടുവരും. സാവിത്രിയുടെ മകളെയും  ഇടക്ക് ഫോണേൽ കണ്ട സംസാരിക്കും .കുഞ്ഞിനേയും കാണിക്കും.അത്രയും സന്തോഷത്തിലും  ശരീരം മുഴുവൻ നുറുങ്ങുവാ.


വാർദ്ധക്യം വേറൊരു ബാല്യമാണ് എന്ന് പറയുന്നത് എത്ര ശെരിയാണ്. ഇപ്പോൾ ഞാനും എന്റെ ഏറ്റവും ഇളയ തലമുറയും ഒരുപോലെ ...എല്ലാ കാര്യങ്ങൾക്കും മറ്റുള്ളവരുടെ സഹായം വേണം,ഭക്ഷണം എന്നത് കുറുക്കും ,ജ്യൂസും ഒക്കെ...എന്റെ കാലം എണ്ണപ്പെട്ടു എന്ന എന്ന തോന്നുന്നു.ഇടക്ക് ശ്വാസം കിട്ടാണ്ട് ആവും ,അപ്പൊ ഓക്സിജൻ മാസ്ക് വെക്കും,പിന്നെ ആശുപത്രയിൽ കൊണ്ടുപോകും,അവിടെ വെന്റിലേറ്ററിൽ ആക്കും,വീണ്ടും വീട്ടിലേക്ക്  ..അങ്ങനെ അങ്ങനെ...പ്രായം ഏറിയതിന്റെ പേടി കൊണ്ട് ആവും എന്റെ ഭർത്താവ് ഇടക്ക് ഇടക്ക് വന്ന അന്വേഷിക്കും എനിക്ക് എങ്ങനെ ഉണ്ടെന്ന്.ഈ അന്വേഷണം പണ്ടേ ഉണ്ടായിരുന്നെങ്കിൽ.....

അങ്ങനെ ഞാൻ കണ്ടു .എന്നെ  കൊണ്ടുപോകാൻ വന്ന മരണത്തെ.അപ്പോൾ എന്റെ ശ്വാസം പതുക്കെ കിട്ടാതെ കിട്ടാതെ ആയ് .എല്ലാവരും എന്താവും മരണസമയത് ചിന്തിക്കുക .അറിയില്ല.എനിക്ക് പോകുന്നതിൽ ഒരിറ്റ് പോലും വിഷമം തോന്നിയില്ല.പക്ഷെ ഹരിയുടെ കുടലബുദ്ധിയുടെ നീരാളിപ്പിടിത്തത്തിൽ ഇവരാരും പെടരുതേ എന്ന് മാത്രം പ്രാർത്ഥിച്ചു . ഞാൻ മരിക്കുന്നതിന് നിമിഷങ്ങൾക് മുൻപേ അവനു എന്നെ അടക്കാൻ ധൃതിയാരുന്നു.എനിക്കും  എന്റെ ചേച്ചിയുടെ പോലെത്തന്നെ കാൻസർ ആയ്‌രിക്കാമെന്ന് പിന്നീട് ആണ് ഞാൻ അറി ഞ്ഞത്.

ഒരു ചിന്ത മാത്രം ബാക്കിയായി .ഞാൻ ഒരു ദേഹവും ദേഹിയും മാത്രം ആയിരുന്നോ,ഞാൻ ജീവിച്ചിരുന്നുവോ ..ഞാൻ എന്ത് നേടി ? ആരോടെക്കൊയോ സ്വന്തം ജീവിതം കൊണ്ട് പക തീർക്കാൻ ഒരുങ്ങി നല്ല ഒരു ഭാര്യയോ അമ്മയോ ആകാൻ പാരാജയപ്പെട്ടു.എന്റെ തോൽവിക്ക് ഞാൻ മാത്രം ആണോ കുറ്റക്കാരി?? അതോ ഭാര്യയെ സ്നേഹിക്കാഞ്ഞ ആ മനുഷ്യനോ?? അതോ അമ്മയെ മനസ്സിലാക്കാതെ പോയ മക്കളോ?? അതോ ജീവിതം എന്തെന്ന് അറിയുന്നതിന് മുൻപേ എന്നെ കല്യാണം കഴിപ്പിച്  അയച്ച എന്റെ വീട്ടുകാരോ??അറിയില്ല .....

സ്വർഗത്തിൽ ഇരുന്ന് ഒരു വാർത്ത കൂടെ ഞാൻ അറിഞ്ഞു - ഭാര്യ പോയ് ഏകാന്തത സഹിക്കവയ്യാതെ എന്റെ ഭർത്താവ് സ്വയം എന്നെ തേടി ഈ ലോകത്തിലേക്ക് വരുന്നു എന്ന് .എന്തിനു ?? ഈ കരുതലിന്റെ പാതി എങ്കിലും എനിക്ക് നേരിട്ട് തന്നിരുന്നു എങ്കിൽ ഞാൻ ജീവിക്കാതെ മരിച്ച ഒരാത്മാവ് ആയിപോകില്ലായിരുന്നു .................