Friday, May 16, 2025

മേഘങ്ങളെ പ്രണയിച്ച പെൺകുട്ടി

നമ്മുടെ കേരളനാട്ടിലെ മരങ്ങൾക്കും പുഴകൾക്കും തിരകൾക്കും മാത്രമല്ല , ആകാശത്തിനും ഒരു പ്രത്യേക ഭംഗിയാ....

എത്ര കണ്ടാലും കൊതി തീരാത്ത ഭംഗി!

ചിലപ്പോൾ പല രൂപങ്ങളിൽ ആവാം...ചിലപ്പോൾ പല നിറങ്ങളിൽ ആവാം....

അവയെ നോക്കി ഇരിക്കുമ്പോൾ ചിലരുടെ "എന്താ, മേലോട്ടും നോക്കി ഇരിക്കുന്നെ?" എന്നുള്ള ചോദ്യങ്ങൾ ഒക്കെ കാറ്റിൽ പറത്താൻ തോന്നും.


മേഘങ്ങളും എന്റെ മനസ്സും കൂടി എന്തോ ഒരു അദൃശ്യമായ നൂൽ കൊണ്ട് ബന്ധിപ്പിച്ചതാണെന്ന് തോന്നാറുണ്ട്.

അവ ചിരിക്കുമ്പോൾ ഞാനും ചിരിക്കും , മേഘം കറുക്കുമ്പോൾ എനിക്കും പറയാൻ അറിയാത്ത ഒരു സങ്കടമാണ്.

ഇത്രയും പ്രണയം മേഘങ്ങളോട് ഉണ്ടെന്ന് മനസ്സിലാക്കാൻ വാനോളം കെട്ടിടങ്ങൾ നിറഞ്ഞ നഗരത്തിലേക്ക് വരേണ്ടി വന്നു.

മേഘങ്ങളേ അങ്ങനെ കാണാനേ ഇല്ല. ഇനി യാത്രക്കിടയിൽ വെച്ച കണ്ടെങ്കിലും ഒന്ന് കൺ ചിമ്മുമ്പോഴേക്ക് ഗോപുരങ്ങൾ മുന്നിൽ വരും... അപ്പാർട്മെന്റ്‌സും കമ്പനികളും എന്ന് വേണ്ട, ആകാശക്കാഴ്ച മറയ്ക്കാൻ പാകത്തിന് സകലതും ഉണ്ട്.

ഇപ്പോൾ ഏറ്റവും കൊതിക്കുന്ന പലതിൽ ഒന്നാണ്- കൊതി തീരുവോളം ആ മേഘക്കാഴ്ച ഒന്ന് കാണണം.

ആന ആകുന്നതും, സിംഹം ആകുന്നതും ചിലപ്പോൾ ഒരു കുഞ്ഞു പൈതൽ ആകുന്നതും കാണുമ്പോൾ ആ പഴയ കുട്ടിയായ് ഞാൻ വീണ്ടും മാറും.

ആകാശത്തിലെ ചായക്കൂട്ടുകളും മേഘങ്ങളുടെ ചിത്രരചനയും എത്ര കണ്ടാലും മതി വരാത്ത കാഴ്ച തന്നെ.



Wednesday, January 8, 2025

ഒരു ചാറ്റൽമഴയുടെ സുഖമുള്ള ഓർമ്മകൾ

നമുക്കൊന്ന്  ആ പഴയസ്‌കൂൾ കാലത്തിലേക്ക് പോയാലോ.... ഏയ്!!! നിങ്ങടെ അല്ലാട്ടോ ... എൻ്റെ സ്‌കൂൾ കാലത്തിലേക്ക്. ഒരു 3 -4 ക്ലാസുകൾ . അവിടെ എന്തുണ്ട് എന്നാവും ഇപ്പൊ ചിന്തിക്കുന്നേ. 
അവിടെ ഒരുപാട് ഉണ്ട്....... എൻ്റെ സന്തോഷങ്ങൾ ഉണ്ട് . കളങ്കമില്ലാതെ  ഇരുന്ന കുറെ കൂട്ടുകാർ ഉണ്ട്. ഞങ്ങളുടെ ചിരികളും കളികളും ഉണ്ട്. 


ഇപ്പോളത്തെ കുട്ടികളെ കാണുമ്പോ നമ്മൾ ഓർക്കും ..ഓ ! ഇവരൊക്കെ വലിയ പത്രാസ്സുകാരാണെന്ന് . എന്നാൽ ഒരു 26 വര്ഷം മുൻപ് സ്വയം ഫെയർവെൽ പാർട്ടി നടത്തിയ കുറച്ചു നാലാം ക്ളാസുകാർ ഉണ്ടായിരുന്നു.
5 ബോയ്സും 5  ഗേൾസും കൂടി നടത്തിയ ഒരു ചില്ലർ പാർട്ടി . 
ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാണെന്ന് ഒന്നും ഓർമ്മയില്ല . ചേട്ടന്മാരും ചേച്ചിമാർക്കും ഒക്കെ ആകാമെങ്കിൽ ഞങ്ങൾക്കും ആകാമല്ലോ.

അങ്ങനെ അത് തീരുമാനിച്ചു . എല്ലാവരും വീട്ടിൽ നിന്ന് പറ്റുന്ന പോലെ സ്നാക്ക്സ് ഒക്കെ കൊണ്ട് വന്നു . അതിൽ ഒരു പയ്യൻ ടീച്ചറിൻ്റെ മകനാ . അവൻ ജ്യൂസും ഡിസ്പോസബിൾ പ്ലേറ്റ്സും ഒക്കെ കൊണ്ടുവന്നു . അങ്ങനെ ആ ഫെയർവെൽ പാർട്ടി കെങ്കേമമായി . ആരോ ഒരു കൊച്ചു ക്യാമറയും കൊണ്ടുവന്നു. 
ഓർമ്മക്കായി കുറച്ചു ഫോട്ടോസും എടുത്തു.

ഒരുപാട് സന്തോഷിച്ച ഒരു ദിവസം. 
ഒരു ചാറ്റൽമഴയുടെ സുഖമുള്ള ഓർമ്മകൾ!!!!!!!